---
title: "തലശേരിയിലെ അവധൂതമ്മ ഇനി ഭക്തസഹസ്രങ്ങളുടെ ഓർമ്മകളിൽ ജീവിക്കും ; സംസ്കാരം മടപ്പള്ളിയിൽ നടന്നു"
english_title: "Avadhutamma of Thalassery will live in the memories of thousands of devotees; The cremation took place at Madapally"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/143341/Avadhutamma of Thalassery will live in the memories of thousands of devotees; The cremation took place at Madapally"
published_at: "2023-09-02T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f346624ed86_IMG-20230902-WA0099.jpg"
keywords: []
---

# തലശേരിയിലെ അവധൂതമ്മ ഇനി ഭക്തസഹസ്രങ്ങളുടെ ഓർമ്മകളിൽ ജീവിക്കും ; സംസ്കാരം മടപ്പള്ളിയിൽ നടന്നു

> **Lead Summary:** തലശേരി: കഴിഞ്ഞ ദിവസം വൈകീട്ട് അന്തരിച്ച അവധൂത മാത എന്നറിയപ്പെടുന്ന സന്യാസിനിയുടെ സംസ്‌കാരം മടപ്പള്ളി ബീച്ച് റോഡിലെ മഠത്തില്‍ നടന്നു.

## Article Content

തലശേരി: കഴിഞ്ഞ ദിവസം വൈകീട്ട് അന്തരിച്ച അവധൂത മാത എന്നറിയപ്പെടുന്ന സന്യാസിനിയുടെ സംസ്‌കാരം മടപ്പള്ളി ബീച്ച് റോഡിലെ മഠത്തില്‍ നടന്നു.

നൂറ് കണക്കിന് ഭക്തരുടെ സാന്നിധ്യത്തിലായിരുന്നു അന്ത്യകർമ്മങ്ങൾ. വടകര സിദ്ധാശ്രമത്തിലെ സന്യാസിവര്യന്മാർ അന്ത്യകർമ്മങ്ങൾക്ക് നേതൃത്വം നൽകി. തലശേരിക്കാരുടെ ഓർമ്മകളോളം തന്നെ പഴക്കമുണ്ട് അവധൂതമ്മയുടെ സാന്നിധ്യത്തിനും.

എത്ര വര്‍ഷം മുമ്പാണ് അമ്മ തലശേരിയിലെയെത്തിയതെന്നു പോലും കൃത്യമായി ആർക്കുമറിയില്ല. 45 മുതൽ 49 വർഷം വരെയായെന്ന് പലരും പറയുന്നത്. കർണാടകയൊ, ആന്ധ്രപ്രദേശൊ ആണ് സ്വദേശമെന്നാണ് കരുതുന്നത്.

നേരത്തെ കണ്ണൂർ ബർണശേരിയിലെ ഒരു മരച്ചുവട്ടിൽ സ്ഥിരമായി ഇവരെ കാണാറുണ്ടായിരുന്നു. പിന്നീടാണ് തിരുവങ്ങാട് ശ്രീനിവാസിലെ പി.വി ജയകുമാറിൻ്റെ വസതിയിലെത്തുന്നത്. പിന്നീട് വർഷങ്ങളായി ഇവിടെയായിരുന്നു താമസം.

അവധൂതമ്മയെ സമാധി കാലത്ത് പരിചരിക്കാനായത് ഏറ്റവും പുണ്യമായി കരുതുന്നുവെന്ന് വീട്ടുടമ ബീന പറഞ്ഞു. തലശേരി നഗരത്തിലൂടെ രണ്ട് കൈകളും തലയുടെ പിന്നാമ്പുറത്ത് കോര്‍ത്ത് പിടിച്ച് അലസമായി നടക്കുന്ന അവധൂതമ്മക്ക് ജാതിമത ഭേദമന്യേ നിരവധി ഭക്തരുണ്ട്. ഇതിൽ പൊലീസുകാരടക്കമുള്ളവരുണ്ട്. പണമോ, പാരിതോഷികങ്ങളോ സ്വീകരിക്കാതെ പ്രത്യേക തരത്തില്‍ ജീവിതം നയിച്ച അമ്മയെ കാണാന്‍ വിദേശികള്‍ അടക്കം എത്താറുണ്ട്.

അമ്മയുടെ നടന വഴിയില്‍ ലജ്ജയേതുമില്ലാതെ നമസ്‌ക്കരിക്കുന്ന ഭക്തരും, അമ്മയൊന്നു കയറി കിട്ടിയാല്‍ നല്ലതാണെന്ന് വിശ്വസിക്കുന്ന ഓട്ടോ - ടാക്‌സി ഡ്രൈവര്‍മാരെയും കാണാമായിരുന്നു. അവധൂതമ്മയുടെ കാല്‍ക്കല്‍ നമസ്‌ക്കരിച്ചു പോയാല്‍ നല്ല കോളു കിട്ടുമെന്ന് വിശ്വസിക്കുന്ന മുക്കുവരും, അമ്മയെ നടുക്കടലില്‍ കണ്ട മുക്കുവസമൂഹവുമുണ്ട്. വാഹനമിടിച്ച് പരിക്കേറ്റ് കൈയ്യൊടിഞ്ഞ അമ്മ മൂന്നാം ദിവസം പ്ലാസ്റ്ററൊക്കെ വലിച്ചൂരി വീണ്ടും തെരുവില്‍ നടന്നത് ആശുപത്രി ഡോക്ടര്‍മാര്‍ പങ്കു വെക്കുന്ന മറ്റൊരനുഭവമായിരുന്നു.

ആരിൽ നിന്നും ഒന്നും സ്വീകരിക്കാതെ, ഒരാനുകൂല്യത്തിനും നിൽക്കാത്തയാളെന്നതായിരുന്നു അവധൂതമ്മയുടെ ഓറ. അതു കൊണ്ട് തന്നെ ഭക്തരും ചേർന്നു നിന്നു.

ഒരാൾദൈവമെന്ന പരിവേഷം ഒരിക്കലുമവർക്ക് ഉണ്ടായിരുന്നില്ല.

ഒരു മിത്ത് എന്നതിലപ്പുറം ഉത്തരമില്ലാത്ത ചോദ്യമായി ജീവിച്ച തിരുവങ്ങാട്ടമ്മയുടെ വിയോഗം ഭക്തര്‍ക്കും ഏറെ നഷ്ടം തന്നെയാണെന്ന് ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/143341/Avadhutamma of Thalassery will live in the memories of thousands of devotees; The cremation took place at Madapally)